
തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.
നിരവധി പ്രമുഖ വ്യക്തികൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തുകളിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബസമേതം രാവിലെ തന്നെ വോട്ട് ചെയ്തു. കെ മുരളീധരൻ, രമേശ് ചെന്നിത്തല, ജോസ് കെ മാണി എന്നിവരും വോട്ട് ചെയ്തു. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപ്പറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. ഈ ജില്ലകളിൽ ഡിസംബർ 11നാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ തിരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും.