
കണ്ണൂർ : ബിഹാർ മാതൃകയിൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ആഹ്വാനം ചെയ്തു. നിലവിലുള്ള വോട്ടർ പട്ടികയിലും 2002-ലെ വോട്ടർ പട്ടികയിലും തങ്ങളുടെ പേരുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്റ്റംബർ 20-ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരാനിരിക്കെയാണ് ഈ പ്രഖ്യാപനം. ജൂലൈ മുതൽ വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള നടപടികൾ ആരംഭിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കത്ത് നൽകിയിരുന്നു.
സെപ്റ്റംബർ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർ ഡൽഹിയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
വോട്ടർമാർക്ക് ആശങ്ക വേണ്ടെന്നും 2002-ലെ പട്ടികയിലുള്ള 80% ആളുകളും 2025-ലെ പട്ടികയിലുണ്ടെന്ന് പാലക്കാട് നിന്നുള്ള രണ്ട് ബി.എൽ.ഒ.മാർ നടത്തിയ താരതമ്യ പഠനത്തിൽ കണ്ടെത്തിയെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശപ്രകാരം ആധാർ കൂടി തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.