
തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നസാക്ഷാത്ക്കാരമായ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത് കേവലമൊരു തുറമുഖകവാടം മാത്രമല്ല ഇത് ലോകത്തേക്കുള്ള മഹാകവാടം തുറക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിയുടെ പൂർത്തീകരണം എൽഡിഎഫ് സർക്കാരിന്റെ ഇഛാശക്തിയാണെന്നും കരാറിൽ പറഞ്ഞിരിക്കുന്ന സമയത്തേക്കാൾ ഏറെ മുമ്ബായി പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാൻ കേരളാസർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു രാജ്യത്തിന്റെ മഹാകവാടം തുറന്നു.
ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തിന്റെ മുൻകയ്യിൽ ഒരു ബൃഹത് നിർമ്മാണം നടക്കുന്നതെന്നും പദ്ധതിയുടെ ഏറിയഭാഗവും വഹിച്ചത് കേരളമാണെന്നും പറഞ്ഞു. വികസന കാര്യത്തിൽ രാഷ്ട്രീയ വേർതിരിവുകൾ വേണ്ടെന്നും കരാർ പ്രകാരം 2045 ൽ പൂർത്തിയാകേണ്ട പദ്ധതിയുടെ ആദ്യഘട്ടം 2025 ൽ പൂർത്തിയാക്കാനായത് എൽഡിഎഫ് സർക്കാരിന്റെ ഇഛാശക്തിയുടെ പ്രതിഫലനമാണെന്നും പറഞ്ഞു. ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം ഉയരുമെന്നും ഇത് ഒരുപാട് പ്രതിസന്ധികൾ മറികടന്നാണ് നിർമ്മാണം പൂർത്തികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസംഗത്തിൽ കേരളസർക്കാരിന്റെ ഇടപെടൽ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 5000 ലധികം തൊഴിലാവസരങ്ങളാണ് ഇത് തുറക്കുന്നതെന്നും ഇത് കേരളത്തിന് അഭിമാനകരമായ നേട്ടമാണെന്നും പദ്ധതി വിജയിപ്പിക്കാൻ കൂട്ടുനിന്നവർക്കെല്ലാം നന്ദി പറയുകയും ചെയ്തു. പഹൽഗാം കൂട്ടക്കുരുതിയുടെ ഇരയായവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. അങ്ങിനെ നമ്മൾ ഇതും നേടിയെന്നും ഐക്യത്തിന്റെ വിജയമെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചു.