Banner Ads

വൈക്കത്തഷ്ടമി ഇന്ന്; പുലർച്ചെ 4.30 ന് അഷ്ടമി ദർശനം, പാർവതീസമേതനായ വൈക്കത്തപ്പനെ കണ്ട് ആയിരങ്ങൾ

കോട്ടയം : കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ അഷ്ടമി ദർശനം ഇന്ന് നടക്കും. ആയിരക്കണക്കിന് ഭക്തർക്ക് വൈക്കത്തപ്പന്റെ അനുഗ്രഹം തേടി പുലർച്ചെ തന്നെ നട തുറക്കും. പുലർച്ചെ 3.30 ന് നട തുറന്ന് ഉഷ പൂജയ്ക്കും എതൃത്തപൂജയ്ക്കും ശേഷം 4.30 ന് അഷ്ടമി ദർശനത്തിനായി നട തുറക്കും.

വൈക്കത്തഷ്ടമി ദർശനത്തിന് പിന്നിൽ പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുള്ള ആൽച്ചുവട്ടിൽ കഠിനതപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യമുഹൂർത്തമായാണ് ഈ സമയം കണക്കാക്കുന്നത്.

ഈ പുണ്യവേളയിൽ ഭഗവാനെ ദർശിക്കുന്നത് അതീവ ശ്രേയസ്‌കരമാണെന്നാണ് വിശ്വാസം. ദർശനത്തിനായി എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതലൂണ് (സദ്യ) ഒരുക്കും. അഷ്ടമി വിളക്ക് രാത്രി 11 മണിക്ക് നടക്കും. ഇതിനെ തുടർന്ന് വലിയ കാണിക്ക സമർപ്പിക്കൽ തുടർന്ന് വൈക്കത്തപ്പന്റെ മകനായ ഉദയനാപുരത്തപ്പന്റെ വിട പറയൽ ചടങ്ങുകൾ എന്നിവയോടെ അഷ്ടമി മഹോത്സവത്തിന് പരിസമാപ്തിയാകും.