
തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (ഒക്ടോബർ 18, ശനിയാഴ്ച) മുതൽ ദർശന സമയത്തിൽ മാറ്റം വരുത്തി. കൂടുതൽ ഭക്തർക്ക് സുഗമമായി ദർശനം സാധ്യമാക്കുന്നതിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. നാളെ മുതൽ (ഒക്ടോബർ 18, ശനിയാഴ്ച) പുലർച്ചെ 3 മണിക്ക് നട തുറന്നാൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് മാത്രമാകും അടയ്ക്കുക. ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രം അടച്ച ശേഷം വൈകിട്ട് 4 മണിക്ക് വീണ്ടും നട തുറക്കും.
രാത്രി 9 മണി വരെ ദർശനം തുടരും. നിലവിൽ ഉച്ചയ്ക്ക് 2 മണിക്ക് നട അടച്ച് വൈകിട്ട് 4.30-നാണ് തുറക്കുന്നത്. അവധി ദിവസങ്ങളിൽ ഇത് 3.30-ന് തുറക്കാറുണ്ട്. എന്നാൽ തിരക്ക് കാരണം ഉച്ചയ്ക്ക് 2.45 വരെ ദർശനം അനുവദിക്കാറുണ്ടായിരുന്നു. ഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ഭരണസമിതി പുതിയ സമയക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.