റഷ്യ : അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുവാദം നല്‍കിയതിനെ തുടർന്ന് റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകള്‍ പായിച്ച് യുക്രൈൻ. കഴിഞ്ഞ ദിവസമാണ് ജോ ബൈഡൻ അമേരിക്കയുടെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈൻ മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.
യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകളാണ് ഇതിന് പിന്നാലെ റഷ്യക്ക് നേരെ യുക്രൈൻ തൊടുത്തത്. റഷ്യൻ പ്രതിരോധ മന്ത്രാലയം രാജ്യത്ത് യുക്രൈൻ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു.
യുക്രൈൻ റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുക്രൈന് ബൈഡൻ ഭരണകൂടം കഴിഞ്ഞ ദിവസമാണ് പച്ചക്കൊടി നല്‍കിയത് റഷ്യയിലേക്ക് ദീർഘദൂര അമേരിക്കൻ ആയുധങ്ങള്‍ ഉപയോഗിക്കാനായി.
ബൈഡന്‍റെ അനുവാദം കിട്ടി 48 മണിക്കൂറുകള്‍ക്കകമാണ് യുക്രൈൻ ആക്രമണം നടത്തിയത്. ഇതാദ്യമായാണ് റഷ്യയിലെ സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ട് കൊണ്ടുള്ള ആക്രമണം നടത്താൻ യുക്രൈൻ ദീർഘദൂര അമേരിക്കൻ മിസൈലുകള്‍ ഉപയോഗിച്ചത്.
റഷ്യൻ മന്ത്രാലയം പറയുന്നത് റഷ്യൻ നഗരമായ ബ്രയാൻസ്കിലെ ഒരു കേന്ദ്രത്തിലേക്ക് യുക്രൈൻ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ്. ആക്രമണത്തിന് ഉപയോഗിച്ചത് അമേരിക്കൻ നിർമ്മിത എടിഎസിഎംഎസ് മിസൈലുകളാണെന്നും റഷ്യ പറയുന്നു.