
തൃശൂർ :വീട്ടിൽ നിന്ന് ഓട്ടുരുളിയും മറ്റ് പാത്രങ്ങളും മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ തൃശ്ശൂരിൽ പിടിയിലായി. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വീടുകളിൽ ആളില്ലാത്ത സമയങ്ങളിലോ, ഉടമസ്ഥരുടെ ശ്രദ്ധ തിരിച്ച് തട്ടിയെടുക്കുകയോ ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മോഷണമുതൽ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.കേസിൽ തമിഴ്‌നാട് തിരുനൽവേലി സ്വദേശിനികളായ തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ ( 49 വയസ്), മീന (29 വയസ് ) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കൽ അജയകുമാറിൻ്റെ വീടിൻ്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവർന്നുവെന്നാണ് കേസ്. ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. അജയകുമാർ വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.അജയകുമാർ വീട്ടിൽ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രിൽ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയൽവക്കത്ത് വിവരം അറിയിച്ചപ്പോൾ തമിഴ് സ്ത്രീകൾ അല്പം മുൻപ് പോകുന്നത് കണ്ടതായി പറഞ്ഞു.സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.