Banner Ads

വിവാദ കേസിൽ വഴിത്തിരിവ്: മേയറെയും എംഎൽഎയെയും പ്രതി ചേർത്തില്ല; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ കേസിൽ കുറ്റപത്രം.

തിരുവനന്തപുരം: തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ വഴിയിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് എംഎൽഎ സച്ചിൻ ദേവിനെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരനായ അരവിന്ദ് മാത്രമാണ് കേസിൽ നിലവിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ, മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ ഡ്രൈവറോട് അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ.

ഡ്രൈവർ യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസെടുക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2024 ഏപ്രിൽ 27-ന് രാത്രി 10 മണിക്ക് പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽവെച്ചാണ് മേയർ ദമ്പതികൾ സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആർടിസി ബസ് തടഞ്ഞതും തുടർന്ന് വാക്കുതർക്കം ഉണ്ടായതും.

ഇരുവരെയും ഒഴിവാക്കിയ സാഹചര്യത്തിൽ, മേയറെ വീണ്ടും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് യദു കോടതിയിൽ വീണ്ടും ഹർജി നൽകിയിട്ടുണ്ട്.അതേസമയം, മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ മ്യൂസിയം പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് യദുവിനെതിരായ കേസ്.ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.