Banner Ads

തുലാവർഷം സജീവം; തെക്കൻ കേരളത്തിൽ ചക്രവാതച്ചുഴി, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തെക്കൻ കേരളത്തിന് സമീപം പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. തെക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും രാത്രിയിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരിയായിരിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തുലാവർഷം സജീവമായതോടെ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.