Banner Ads

ടോൾ പിരിവ് നിയമവിരുദ്ധം; ഗതാഗതക്കുരുക്ക് പരിഹരിച്ചില്ല, ടോൾ പിരിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ അപ്പീൽ

കൊച്ചി : പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ വീണ്ടും അപ്പീൽ നൽകി. ഷാജി കോടങ്കണ്ടത്താണ് അപ്പീൽ നൽകിയിരിക്കുന്നത്. ടോൾ പിരിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കുന്നത് നിയമപരമായി തെറ്റാണെന്നും ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. പാലിയേക്കരയിൽ ഇതുവരെ ഗതാഗതക്കുരുക്ക് പൂർണ്ണമായും പരിഹരിച്ച് സുഗമമായ യാത്ര ഉറപ്പാക്കിയിട്ടില്ലെന്നും ഷാജി കോടങ്കണ്ടത്ത് വാദിക്കുന്നു.

കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക് . ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം.