Banner Ads

തീർഥാടനത്തിന് കനത്ത സുരക്ഷ: ശബരിമല ഒരുക്കങ്ങൾ തൃപ്തികരം എന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്ര ശേഖർ.

പത്തനംതിട്ട: സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. ആറ് ഘട്ടങ്ങളായാണ് തീർഥാടന കാലയളവിലെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ശബരിമല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തീർഥാടനത്തിനായി സുരക്ഷയൊരുക്കുന്നത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ്.

എസ്.പിമാർ, അഡീഷണൽ എസ്.പിമാർ, ഡി.വൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.ഡ്രോൺ നിരീക്ഷണം: നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തും.പട്രോളിങ്: ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാൻ ബൈക്ക്, മൊബൈൽ പട്രോളിങ് ശക്തമാക്കും.കമാൻഡോകൾ: പ്രധാന സ്ഥലങ്ങളിൽ കേരള പൊലീസിൻ്റെ കമാൻഡോകളെ വിന്യസിക്കും.പാർക്കിങ്: പ്രധാന വാഹന പാർക്കിങ് ഏരിയ നിലയ്ക്കലായിരിക്കും.

അനധികൃത പാർക്കിങ് കർശനമായി തടയും.സൗകര്യങ്ങൾ: നിലയ്ക്കലിൽ ആവശ്യത്തിന് സി.സി.ടി.വി.കളും ശൗചാലയങ്ങളും ഉറപ്പാക്കും.ഇടത്താവളങ്ങളിൽ: ഇടത്താവളങ്ങളിൽ പ്രത്യേക പൊലീസ് സംവിധാനം ക്രമീകരിക്കും.പമ്പാ തീരം: ബാരിക്കേഡുകൾ, ലൈഫ് ഗാർഡുകൾ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ പമ്പാ തീരത്ത് ഒരുക്കിയിട്ടുണ്ട്.തീർഥാടകർക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും തീർഥാടനം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവി കൂട്ടിച്ചേർത്തു.