
കൊല്ലം: കൊല്ലം കറവൂർ ചാങ്ങാപ്പാറയിൽ ജനവാസ മേഖലയോട് ചേർന്ന കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തെടുത്തു.പുലിയെ കണ്ടെത്തിയത് ചാങ്ങാപ്പാറയിൽ ഷിബി എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് രാവിലെ പുലിയെ കണ്ടത്.
പുലർച്ചയോടെയാകാം പുലി കിണറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം.ഈ പ്രദേശം പത്തനാപുരം വനാതിർത്തി പ്രദേശത്തോട് ചേർന്നുകിടക്കുന്നതിനാൽ ഇവിടെ പുലിയുടെ സാന്നിദ്ധ്യം കൂടുതലാണ്.വിവരം അറിഞ്ഞ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പുലിയെ പുറത്തെടുക്കാൻ മയക്കുവെടി വെക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചിരുന്നു.
ഒടുവിൽ, ഫയർഫോഴ്‌സിന്റെ വല ഉപയോഗിച്ച് സുരക്ഷിതമായി പുലിയെ കിണറ്റിൽ നിന്ന് മുകളിലേക്ക് കയറ്റുകയായിരുന്നു.പുലിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഈ പ്രദേശത്ത് ഇതിനുമുമ്പും പുലികൾ വനംവകുപ്പിന്റെ കൂടിനുള്ളിൽ കുടുങ്ങിയിട്ടുണ്ട്. പുലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.