
തൃശൂര്‍: തൃശ്ശൂർ നഗരത്തിൽ പുലിക്കളിയുടെ ആരവം; ഓണാഘോഷങ്ങൾക്ക് ഇന്ന് സമാപനം. ഇത്തവണ ഒമ്പത് പുലിക്കളി സംഘങ്ങളാണ് കളത്തിൽ ഇറങ്ങുന്നത്. ഒരു ടീമിൽ 35 മുതൽ 50 പുലികൾ വരെ ഉണ്ടാകും. രാവിലെ പുലിമടകളിൽ ചായം തേക്കുന്ന ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം നാലുമണിയോടെ പുലിക്കളി സംഘങ്ങൾ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കും.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിന് തൃശ്ശൂർ കോർപ്പറേഷൻ ട്രോഫിയും ക്യാഷ് പ്രൈസും നൽകും. ഓരോ സംഘവും പുലിക്കളിയോടൊപ്പം ആകർഷകമായ നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. കാഴ്ചക്കാർക്കായി നിരവധി സർപ്രൈസുകളും പുലിക്കളി സംഘങ്ങൾ ഒരുക്കുന്നുണ്ട്.
പുലിക്കളി മഹോത്സവത്തിന്റെ ഭാഗമായി തൃശ്ശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. കൂടാതെ, സുഗമമായ ഗതാഗതം ഉറപ്പാക്കാൻ തൃശ്ശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.