
മലപ്പുറം : ഗ്രാമസഭകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എടുത്തുകളഞ്ഞ അധികാരം തിരിച്ചുനൽകുമെന്ന് വ്യക്തമാക്കിയതിന്റെ അർത്ഥം ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്നല്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി കെഎം ഷാജി. ഏതെങ്കിലും പദ്ധതികളെ തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്. ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് യുഡിഎഫ് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല.
മുൻ സർക്കാർ കൊണ്ടുവന്ന പദ്ധതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മാത്രമായിരിക്കും ഈ സർക്കാർ മുന്നോട്ട് പോകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു സർക്കാരിന്റെ എല്ലാ പദ്ധതിയും തകർക്കാൻ അടുത്ത സർക്കാർ തീരുമാനിച്ചാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്ന് മന്ത്രി ചോദിച്ചു. ലൈഫ് മിഷൻ ഇല്ലാതാകുമെന്ന് ആർക്കെങ്കിലും ഭയമുണ്ടെങ്കിൽ ആ പദ്ധതിക്ക് എന്തോ കുഴപ്പമുണ്ടെന്ന് അവർക്ക് തന്നെ തോന്നുന്നതുകൊണ്ടാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നത്.
ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരിൽ തിരിച്ചു എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സിപിഎം സമരങ്ങൾ സംഘടിപ്പിച്ചോട്ടെ. അവർ സമരം ചെയ്യുമോ എന്ന് നോക്കി മെറിറ്റുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ ഈ സർക്കാരിനെ കിട്ടില്ല. യുഡിഎഫിന് ഇത്ര വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്ക് പിന്നിലൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ അജണ്ടയെന്നും മന്ത്രി വ്യക്തമാക്കി.