Banner Ads

നാഗരാജാവിന് തിരുവാഭരണം; മണ്ണാറശ്ശാലയിൽ ആയില്യം മഹോത്സവം

ആലപ്പുഴ : പ്രസിദ്ധമായ മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യം മഹോത്സവം ഇന്ന് (ബുധനാഴ്ച) നടക്കും. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമില്ലാതെ മുൻ നിശ്ചയപ്രകാരം നടക്കും. ഉത്സവത്തിന്റെ പ്രധാന ഭാഗങ്ങളായ ആയില്യം പൂജയും എഴുന്നള്ളത്തും ഇന്ന് നടക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ നാഗരാജാവിന് ചാർത്തുക.രാവിലെ 9 മണി മുതൽ ഇല്ലത്ത് നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകും.

ഉച്ചപ്പൂജയ്ക്കു ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ നാഗപത്മക്കളം വരയ്ക്കും. തുടർന്ന് തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തുന്ന വലിയമ്മയുടെ നേതൃത്വത്തിൽ ചടങ്ങുകൾക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. ഇല്ലത്ത് എത്തുന്നതോടെയാണ് നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ആയില്യം പൂജകൾ ആരംഭിക്കുന്നത്.

പൂജകൾക്കു ശേഷം വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ചടങ്ങുകൾ പൂർത്തിയാകും.ഈ വിശേഷപ്പെട്ട ഉത്സവം നാഗദൈവങ്ങളുടെ അനുഗ്രഹം നേടാനും സർപ്പദോഷങ്ങൾ നീക്കാനും സഹായിക്കുമെന്നാണ് വിശ്വാസം.