Banner Ads

ബാങ്ക് നോട്ടീസ് എത്തിയപ്പോൾ സത്യം പുറത്ത്; പണയസ്വർണം മോഷ്ടിച്ച ഫിനാൻസ് ഉടമ അറസ്റ്റിൽ.

തൃശൂര്‍: പണയം വെച്ച 106 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ ഫിനാൻസ് സ്ഥാപന ഉടമയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം കൂളിമുട്ടം എമ്മാട് സ്വദേശിയായ തൈക്കാട്ടിൽ വീട്ടിൽ സന്ദീപ് (42) ആണ് അറസ്റ്റിലായത്. ഇയാൾ വലപ്പാട് ചന്തപ്പടിയിൽ ‘ഗോൾഡൻ മണി ഫിൻസെർവ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.കാഞ്ഞാണി വെങ്കിടങ്ങ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരി പ്രതിയുടെ സ്ഥാപനത്തിൽ ആകെ 136 ഗ്രാം സ്വർണം പണയം വെച്ചിരുന്നു. ഈ സമയത്ത്, തന്റെ സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതി യുവതിയിൽനിന്ന് ഫോട്ടോയും തിരിച്ചറിയൽ കാർഡും കൈക്കലാക്കി.ഈ രേഖകൾ ദുരുപയോഗം ചെയ്ത്, യുവതി അറിയാതെ കുഴിക്കാട്ടുശ്ശേരിയിലെ മറ്റൊരു ബാങ്കിൽ അവരുടെ പേരിൽ സന്ദീപ് വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി.

തുടർന്ന്, യുവതി പണയം വെച്ച 136 ഗ്രാം സ്വർണം മുഴുവനായും ഈ ബാങ്കിൽ വീണ്ടും പണയം വെച്ച് പണം തട്ടുകയായിരുന്നു. കുഴിക്കാട്ടുശ്ശേരിയിലുള്ള ബാങ്കിൽനിന്ന് ചെക്ക് ബുക്കും സ്വർണം പണയം വെച്ചതിന്റെ നോട്ടീസും ലഭിച്ചപ്പോഴാണ് തന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയതും സ്വർണം വീണ്ടും പണയം വെച്ചതും യുവതി അറിയുന്നത്.

ബാങ്കിൽ പോയി അന്വേഷിച്ചപ്പോൾ യുവതിക്ക് 30 ഗ്രാം സ്വർണം മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിയുള്ള 106 ഗ്രാം സ്വർണം പ്രതി തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.ആളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. കെ.ടി. ബെന്നി, ജി.എസ്.ഐ. ജെയ്‌സൺ, സി.പി.ഒ. വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.