ബെംഗളൂരു : കർണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള മൂന്നാം ഘട്ട തെരച്ചില്‍ ആറാം ദിവസവും തുടരുന്നു. ഇന്നും ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ പെയ്താല്‍ ഡ്രഡ്ജിംഗ് താല്‍ക്കാലികമായി നിർത്തി വയ്ക്കും. ഇന്നലെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത്. അതിനാല്‍ തന്നെ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തെരച്ചിലിലും അർജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല.
നേരത്തേ പുഴയില്‍ വീണ ടാങ്കറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇന്നലെത്തെ പ്രധാനപരിശോധന നേരത്തേ ഡ്രോണ്‍ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജർ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ പോയന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ ഇന്ദ്രബാലന്റെ ഡ്രോണ്‍ പരിശോധനയില്‍ ഏറ്റവും കൂടുതൽ സാധ്യത ഉണ്ടായിരുന്ന പോയന്റില്‍ നിന്ന് ഒന്നും തന്നെ കണ്ടെത്താനായില്ല. ഞായറാഴ്ച വരെയാണ് ഡ്രഡ്ജിംഗ് കമ്പനിക്ക് കരാർ നീട്ടി നല്‍കിയിരിക്കുന്നത്. തെരച്ചിലിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്.