Banner Ads

കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കോന്തുരുത്തിയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.

കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. ലൈംഗിക തൊഴിലാളിയായ യുവതിയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നതാണെന്ന് പ്രതിയായ വീട്ടുടമ ജോർജ് പോലീസിന് മൊഴി നൽകി.തേവര കോന്തുരുത്തി സ്വദേശിയാണ് പ്രതി ജോർജ്.യുവതിയും ജോർജും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നാണ് യുവതിയെ ജോർജ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടാവുകയും, ഇതിന്റെ വൈരാഗ്യത്തിൽ ജോർജ് ചുറ്റിക ഉപയോഗിച്ച് യുവതിയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.ഇന്ന് രാവിലെ ജോർജിന്റെ വീടിന് സമീപത്തേക്കുള്ള വഴിയിൽ ചാക്കിൽക്കെട്ടിയ നിലയിലാണ് ശുചീകരണ തൊഴിലാളികൾ മൃതദേഹം ആദ്യം കണ്ടത്.മൃതദേഹത്തിന് അടുത്ത് തളർന്ന് അവശനിലയിൽ ഇരിക്കുകയായിരുന്ന ജോർജിനെ കണ്ട നാട്ടുകാർ ഉടൻ പോലീസിൽ വിവരം അറിയിച്ചു.

വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.ജോർജിന്റെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം വീടിനുള്ളിൽ വെച്ച് നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയായ യുവതിയാണെന്ന് പോലീസ് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.