
തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് നാളെയോടെ (ഒക്ടോബർ 18) തെക്ക് കിഴക്കൻ അറബിക്കടലിനും കേരള-കർണാടക തീരങ്ങളോട് ചേർന്നുള്ള ലക്ഷദ്വീപ് മേഖലയ്ക്കും മുകളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് ചിലയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് (ഒക്ടോബർ 17) മുതൽ 23 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.