
തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങൾ അവസാനിക്കുന്നതോടെ സംസ്ഥാനത്ത് കാലവർഷക്കാറ്റ് പൂർണമായും ദുർബലമാകാൻ സാധ്യത. കാലവർഷം പൂർണമായി പിൻവാങ്ങുന്നതോടെ തുലാവർഷം കേരളത്തിൽ എത്തുമെന്നാണ് പതിവ്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം ഇതിനോടകം പിൻവാങ്ങി തുടങ്ങി.
ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ശക്തമായ ന്യൂനമർദം സൗരാഷ്ട്ര വഴി ബുധനാഴ്ചയോടെ തീവ്ര ന്യൂനമർദമായി അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇത് തുടർന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങും. തെക്കൻ ചൈനാക്കടലിലെ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായി നാളെയോടെ ആൻഡമാൻ കടലിൽ എത്തുകയും ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി മാറുകയും ചെയ്യും.
ഈ രണ്ട് ന്യൂനമർദങ്ങളും കേരളത്തെ പൊതുവെ ബാധിക്കില്ല. ഇന്നും എല്ലാ ജില്ലകളിലും ഇടവേളകളോടു കൂടിയ മഴയ്ക്കും വെയിലിനും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ പൊതുവെ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത മാത്രമാണ് നിലനിൽക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.