
സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടാനുള്ള സാധ്യത വർധിക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (വ്യാഴാഴ്ച) തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ (വ്യാഴാഴ്ച) യോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങും. തുലാവർഷം ആരംഭിക്കുന്നതിനുള്ള അന്തരീക്ഷ ഘടകങ്ങൾ നിലവിൽ അനുകൂലമാണ്.തുലാവർഷത്തിന്റെ തുടക്കത്തിൽ തന്നെ മഴ കനക്കാൻ സാധ്യതയുണ്ട്. നിലവിൽ ബംഗാൾ ഉൾക്കടലിലുള്ള ചക്രവാതച്ചുഴി, ഞായറാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് മേഖലയ്ക്കും മുകളിലെത്തി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ, അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.