കൊച്ചി:സംസ്ഥാനത്ത് എട്ട് സർവകലാശാലകളിലും 864 അഫിലിയേറ്റഡ് കോളജുകളിലും ആരംഭിച്ച നാലുവർഷ ബിരുദ പരിപാടിയിലെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20ന് നടത്താൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വാർത്തസമ്മേളനത്തില്‍ അറിയിച്ചു.എഫ്.വൈ.യു.ജി.പി പുരോഗതി വിലയിരുത്താൻ തിങ്കളാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിൻ സർവകലാശാലയില്‍ വി.സിമാർ, രജിസ്ട്രാർമാർ, പരീക്ഷ കണ്‍ട്രോളർ, സിൻഡിക്കേറ്റ് അംഗങ്ങള്‍, കോഓഡിനേറ്റർമാർ തുടങ്ങിയവരുടെ യോഗം ചേർന്നിരുന്നു.
ക്ലാസ് റൂം വിനിമയത്തിലെ മാറ്റങ്ങള്‍, പരീക്ഷ മൂല്യനിർണയം എന്നിവയെക്കുറിച്ച് സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം അടുത്ത ഫെബ്രുവരി 28നകം പൂർത്തിയാക്കും. ഡിസംബർ എട്ടുവരെയാണ് പരീക്ഷ. ഫലം മുൻനിശ്ചയിച്ച പ്രകാരം ഡിസംബർ 22ന് പ്രസിദ്ധീകരിക്കും. നേരത്തേ നവംബർ അഞ്ചുമുതല്‍ 25 വരെയാണ് നിശ്ചയിച്ചതെങ്കിലും വയനാട് ദുരന്തത്തിന്‍റെയും മഴയുടെയും പശ്ചാത്തലത്തിലും പ്രവേശനപ്രക്രിയ വൈകിയതും കണക്കിലെടുത്താണ് പരീക്ഷ തീയതി നീട്ടിയത്.