
തിരുവനന്തപുരം : സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറു മണിക്ക് സമാപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് കലാശക്കൊട്ട് നടക്കുന്നത്. ഈ ജില്ലകളിൽ മറ്റന്നാൾ (ഡിസംബർ 9) ആണ് വിധിയെഴുത്ത്. രാഷ്ട്രീയ ആവേശം അതിന്റെ കൊടുമുടിയിൽ എത്തിച്ച പ്രചാരണത്തിന്റെ അവസാന ലാപ്പാണ് ഇന്ന് നടക്കുന്നത്.
റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികൾ നഗര-ഗ്രാമ വീഥികളിൽ നിറയുകയാണ്. ഏഴ് ജില്ലകളിലെ കലാശക്കൊട്ട് നടക്കുമ്പോൾ വിജയം ഉറപ്പാണെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് വൈകിട്ട് ആറിന് അവസാനിക്കുക. ജഗതിയിൽ ഇടത് സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണന്റെ കലാശക്കൊട്ടിന് നേതൃത്വം നൽകിയത് മന്ത്രി ഗണേഷ് കുമാറാണ്.
കന്നിയങ്കത്തിൽ തന്നെ രാധാകൃഷ്ണൻ വിജയിക്കുമെന്ന് ഗണേഷ് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിരവധി ബൈക്ക് യാത്രികരുടെ അകമ്പടിയോടെയാണ് ഇവിടെ റോഡ് ഷോ മുന്നോട്ട് പോകുന്നത്. കളമശ്ശേരി നഗരസഭ പരിധിയിലെ കങ്ങരപ്പടിയിൽ മന്ത്രി പി രാജീവ് എൽഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുക്കും. വാർഡ് തലത്തിലാണ് കൊട്ടിക്കലാശം നടക്കുന്നത്. വിവിധ ഇടങ്ങളിൽ പ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ജയ്‌സൺ ജോസഫ് ഓട്ടോറിക്ഷയും ബൈക്കുകളും അണിനിരത്തി റോഡ് ഷോ നടത്തി വോട്ടർമാരെ കണ്ടു. ജില്ലാ പഞ്ചായത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഡിവിഷനാണിത്. റാന്നി ഇട്ടിയപ്പാറ ടൗണിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കലാശക്കൊട്ടിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പങ്കെടുക്കുന്നുണ്ട്.