
കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കുള്ളിൽ തർക്കങ്ങളും വിവാദങ്ങളും പുതിയ തലത്തിലേക്ക്. നടൻ ടിനി ടോമിനെതിരെ പരാതിയുമായി നടി നീന കുറുപ്പും രംഗത്തെത്തി. സംഘടനയുടെ കുടുംബമേളയ്ക്കിടെ ടിനി ടോം തങ്ങളെ കൈയേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞെന്നുമാണ് നീന കുറുപ്പ് നൽകിയ പരാതിയിൽ പറയുന്നത്.
അമ്മ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും നീന ഔദ്യോഗികമായി പരാതി കൈമാറി. ഇത് തനിക്കെതിരെയുള്ള ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി ടോം മറ്റ് പലരോടും ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും നീന ആരോപിച്ചു. ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച നടി അൻസിബ ഹസനെ നേരിട്ട് കേൾക്കാൻ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
അൻസിബയോട് സംഘടനയുടെ ഓഫീസിൽ നേരിട്ടെത്താൻ ഭാരവാഹികൾ നിർദേശിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ എക്സിക്യൂട്ടിവിനു മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അൻസിബയുടെ പ്രതികരണം.