
ബിലാസ്പുർ: വിശ്വാസികളുടെ വരവേൽപ്പ്, മതസൗഹാർദ മുദ്രാവാക്യങ്ങൾ കന്യാസ്ത്രീകളുടെ ജയിൽ മോചനം ആഘോഷമാക്കി.മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. എൻഐഎ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വൈകീട്ട് നാല് മണിയോടെയാണ് ഇവർ ജയിൽ മോചിതരായത്.
സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി, ഇവർക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവ് സുകമാൻ മാണ്ഡവി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.കന്യാസ്ത്രീകളുടെ ജയിൽ മോചനം ആഘോഷമാക്കാൻ പുറത്ത് കാത്തുനിന്നവർ മതസൗഹാർദ മുദ്രാവാക്യങ്ങൾ മുഴക്കി. ‘ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഭായി ഭായി’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇവർ കന്യാസ്ത്രീകളെ വരവേറ്റത്. ജയിൽ മോചിതരായ കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പമാണ് കോൺവെന്റിലേക്ക് മടങ്ങിയത്.ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് കർശന വ്യവസ്ഥകളോടെ ഇവർക്ക് ജാമ്യം അനുവദിച്ചത്.
50,000 രൂപ ജാമ്യത്തുകയും രണ്ട് ആൾ ജാമ്യവും കെട്ടിവെക്കണം. കൂടാതെ, പാസ്‌പോർട്ട് കെട്ടിവെക്കാനും, രാജ്യം വിട്ടുപോകരുതെന്നും, അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ജൂലൈ 25-നാണ് മൂവരെയും ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. നാരായൺപൂരിലെ മൂന്ന് പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കടത്താൻ ശ്രമിച്ചുവെന്ന ബജ്‌രംഗ്ദൾ നേതാവിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.