
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം തുലാവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം ഇതിന് സമാനമായ കാലയളവിൽ തന്നെ കാലവർഷം രാജ്യത്തുനിന്ന് പൂർണമായും പിൻവാങ്ങുമെന്നും അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തുലാവർഷത്തിന്റെ സ്വാധീനഫലമായി ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം ഉണ്ട്. ഇന്ന് (ചൊവ്വാഴ്ച) എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.
ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.