Banner Ads

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം; സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു, നഗരം ഞെട്ടലിൽ

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. 30-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്.ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് അടുത്തായാണ് സ്ഫോടനം ഉണ്ടായത്.

അതീവ സുരക്ഷാ മേഖലയിലാണ് ഈ സംഭവം നടന്നതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.അപകടത്തിന്റെ സ്വഭാവം: രണ്ട് കാറുകൾ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക സൂചന. സ്ഫോടനത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ആദ്യം സി.എൻ.ജി. വാഹനം പൊട്ടിത്തെറിച്ചതാകാം എന്നായിരുന്നു നിഗമനം. എന്നാൽ, പിന്നീട് അധികൃതർ ആക്രമണ സാധ്യതയും പരിശോധിക്കാൻ തുടങ്ങി.

സ്ഫോടനത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്നാണ് ദില്ലി പോലീസ് സ്പെഷ്യൽ സെല്ലും എൻ.എസ്.ജി. ബോംബ് സ്ക്വാഡും പ്രധാനമായി പരിശോധിക്കുന്നത്.പ്രധാനമന്ത്രി അമിത് ഷായിൽ നിന്ന് വിവരങ്ങൾ തേടുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അയൽ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. സ്ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.മരണപ്പെട്ടവരുടെ കൃത്യമായ കണക്ക് സ്ഥിരീകരിക്കാൻ പോലീസ് ശ്രമം തുടരുകയാണ്.