Banner Ads

കൊയിലാണ്ടിയുടെ ജനപ്രതിനിധിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കാനത്തിൽ ജമീലയുടെ സംസ്കാരം മറ്റെന്നാൾ

കോഴിക്കോട് : കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്ച (ഡിസംബർ 2) നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമാമസ്ജിദിലാണ് സംസ്കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ്, എംകെ രാഘവൻ എംപി, കെകെ രമ എംഎൽഎ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഗ്രാമപഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാനത്തിൽ ജമീല 2021ൽ കൊയിലാണ്ടിയിൽ നിന്നാണ് നിയമസഭയിലേക്കെത്തിയത്.