തൃശൂര്‍: ദിവസേന നൂറുകണക്കിന് ബസുകള്‍ വരുന്ന സ്റ്റാന്‍ഡ്, നിരവധി ട്രിപ്പുകള്‍ തുടങ്ങുന്ന സ്റ്റാന്‍ഡ്, ദിവസേന ആയിരകണക്കിന് ആളുകള്‍ വന്നുപോകുന്ന തൃശൂർ നഗര മധ്യത്തിലെ ഇടം. എന്നിട്ടും പരിമിതികള്‍ക്കുള്ളില്‍ വീര്‍പ്പ് മുട്ടുകയാണ് തൃശൂര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്.നൂറിലധികം ബസുകളും ആയിരക്കണക്കിന് യാത്രക്കാരും പ്രതിദിനമെത്തുന്ന സ്റ്റാന്‍ഡില്‍ സ്ഥലപരിമിതിയും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളും യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉണ്ടാക്കുന്നു പഴകിയ കെട്ടിടങ്ങൾക്ക് പുറമേ സ്റ്റാന്‍ഡിനകത്തെ റോഡിലെ കുഴികൾ ബസുകൾക്കും ബസിൽ കയറാനെത്തുന്നവർക്കും വെല്ലുവിളിയാണ്. ഡിപ്പോയിലെ ബസുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യവും സ്റ്റേഷനില്‍ ഇല്ല.
കുഴികള്‍ താത്കാലികമായി അടച്ച് യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസുകളെത്താറുണ്ട് ഈ സ്റ്റാൻഡിൽ. സ്ഥല പരിമിതി കാരണം ചിലപ്പോള്‍ ബസുകള്‍ക്ക് എത്താനാകുന്നുമില്ല. മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍ സ്റ്റാന്‍ഡിനുള്ളിലെ തിരക്കില്‍ കുരുങ്ങുക സ്ഥിരം പതിവാണ്.രാത്രിയിലും പുലര്‍ച്ചെയുമാണ് തിരക്കേറെ അനുഭവപ്പെടുന്നത്. ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്റിലെത്തിയാല്‍ തിരിച്ചുപോകുംവരെ നിര്‍ത്തിയിടാനുള്ള സ്ഥലം പോലും സ്റ്റാന്റിലില്ല. കടലാസ് കെട്ടും മാറാലയും മാലിന്യവും നിറഞ്ഞ ഓഫീസ് കെട്ടിടം. ഫയല്‍ നിറഞ്ഞ മേശകളും ചോര്‍ച്ച പടരുന്ന ഭിത്തികളും വീഴാറായ കോണ്‍ക്രീറ്റ് മേല്‍ക്കൂര.ഏഴു വര്‍ഷം മുമ്പ് സ്റ്റാന്‍ഡ് നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ അടക്കം തയാറായിരുന്നെങ്കിലും നവീകരണം മാത്രം നടന്നില്ല. അണിയറയില്‍ ഒരുങ്ങുന്ന പുതിയ മാസ്റ്റര്‍ പ്ലാനിലാണ് ഇപ്പോള്‍ പ്രതീക്ഷ.