
കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വില ആദ്യമായി 90,000 രൂപ കടന്ന് ചരിത്രനേട്ടം കുറിച്ചു.ഇന്ന് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ പുതിയ വില 90,320 രൂപയായി. ഗ്രാമിന്റെ വിലയിൽ 105 രൂപയുടെ വർധനവുണ്ടായി, നിലവിലെ വില 11,290 രൂപയാണ്.
വില കുതിച്ചുയരുന്നതിന്റെ കാരണങ്ങൾ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ ഘടകങ്ങളാണ് ഈ കുതിപ്പിന് കാരണം അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ, കൂടുതൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് എത്തുന്നത് വില ഉയർത്തുന്നു.
അമേരിക്കൻ സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും കുറച്ചേക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില വർദ്ധിപ്പിച്ചത്. ഇത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബർ 9-നാണ് വില ആദ്യമായി 80,000 രൂപ പിന്നിട്ടത്. തുടർന്നിങ്ങോട്ട് ഓരോ ദിവസവും റെക്കോർഡുകൾ തകർത്ത് കുതിച്ച സ്വർണ്ണവിലയിൽ ഒരു മാസത്തിനുള്ളിൽ പതിനായിരം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.