Banner Ads

ഇതൊന്നും എം പിയുടെ ജോലിയല്ല എന്ന് സുരേഷ് ഗോപി; താക്കോൽ നൽകി മറുപടിയുമായി സി പി എം

തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കിയ ചേർപ്പ് പുള്ളിലെ വയോധികൻ കൊച്ചു വേലായുധന് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. സി പി എം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും.

2023 ൽ തെങ്ങ് വീണ് വീട് തകർന്ന കൊച്ചു വേലായുധൻ സഹായത്തിനായി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹാർദ്ദ സംവാദ പരിപാടിയിൽ എത്തിയിരുന്നു. എന്നാൽ അപേക്ഷാ കവർ തുറന്നുപോലും നോക്കാതെ ഇതൊന്നും എം പിയുടെ ജോലിയല്ല പഞ്ചായത്തിൽ പോയി പറയൂ എന്ന് പറഞ്ഞ് മന്ത്രി അപേക്ഷ നിരസിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

പിന്നാലെ കൊച്ചുവേലായുധന് വീട് നിർമിച്ചുനൽകുമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അറിയിച്ചു. ഏതാണ്ട് 11.5 ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരമായ വീട് നിർമ്മിച്ചത്. സി പി എം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ പണം സമാഹരിച്ച് വെറും 75 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി. തകർന്ന ഒറ്റമുറി വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ വലിയ ആഹ്ലാദത്തിലാണ് കൊച്ചു വേലായുധനും കുടുംബവും.