Banner Ads

വഖഫ് നിയമഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി; വിവാദ വ്യവസ്ഥകളിൽ സുപ്രധാന വിധി

ദില്ലി : വഖഫ് നിയമഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി ഉത്തരവ്. വിവാദ വ്യവസ്ഥകളിൽ ചിലതാണ് സുപ്രധാനമായ ഈ വിധിയിലൂടെ സുപ്രീം കോടതി സ്റ്റേ ചെയ്തത്. നിയമം പൂർണമായും സ്റ്റേ ചെയ്യാനാവില്ലെന്നും അപൂർവമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളതെന്നും കോടതി വ്യക്തമാക്കി.

നിയമത്തിലെ ചില പ്രധാന വ്യവസ്ഥകളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അഞ്ച് വർഷം ഇസ്ലാം അനുഷ്ഠിച്ചാലേ വഖഫ് അനുഷ്ഠിക്കാനാകൂ എന്ന വ്യവസ്ഥ ഇതിൽ പ്രധാനമാണ്. അന്വേഷണം നടക്കുമ്പോൾ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തിട്ടുണ്ട്.വഖഫ് സമിതികളിൽ മുസ്ലീങ്ങളല്ലാത്തവരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ബോർഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലീങ്ങൾ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്.

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22-നാണ് ഈ ഹർജികളിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റിയത്.