
തിരുവനന്തപുരം : സർവ ശിക്ഷാ അഭിയാൻ (എസ്എസ്എ) പദ്ധതിയുടെ ആദ്യ ഗഡു ഫണ്ടായി 92.41 കോടി രൂപ കേരളത്തിന് ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിനാണ് ഈ തുക ലഭിച്ചത്. ആദ്യ ഗഡുവായി 109 കോടി രൂപയാണ് കേരളം സമര്‍പ്പിച്ച പ്രൊപ്പോസല്‍. ഇനി 17 കോടിയാണ് ഇനി കിട്ടാന്‍ ഉള്ളത്.
സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലനിന്നിരുന്ന കേസിലാണ് കേന്ദ്ര സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചത്. സർവ ശിക്ഷാ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയായിരുന്നു.
കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനം വൈകാൻ കാരണമെന്ന് കേരളം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തെന്നും ഫണ്ട് ഉടൻ അനുവദിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് സുപ്രീം കോടതിയിൽ ഈ തീരുമാനം അറിയിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സംസ്ഥാനം മരവിപ്പിച്ചതിനെ തുടർന്ന് എസ്എസ്എ ഫണ്ട് ലഭിക്കുന്ന കാര്യത്തിൽ നേരത്തെ ആശങ്ക നിലനിന്നിരുന്നു.
സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമന നടപടികൾ പൂർത്തിയാക്കി ജനുവരിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിന് തൊട്ടുപിന്നാലെയാണ് കേരളത്തിന് ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.