Banner Ads

നിയമനടപടി കർശനം: സൈബർ അധിക്ഷേപത്തിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ രാഹുൽ ഈശ്വറിനെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇദ്ദേഹത്തെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും.അതിജീവിതയെ അപമാനിച്ചതായി പോലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൻ്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച്, അവരെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ രാഹുൽ തൻ്റെ ലാപ്ടോപ്പിൽ തയ്യാറാക്കി.പ്രതി സ്ഥിരമായി ഇത്തരം സൈബർ ആക്രമണം നടത്തുന്നയാളാണ്.മറ്റ് പ്രതികൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.

തൻ്റെ അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചു.അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ലെന്നും, നോട്ടീസ് നൽകിയത് പിടികൂടി കൊണ്ടുവന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും അദ്ദേഹം ആരോപിച്ചു.രാഹുൽ ഈശ്വർ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷൻ, ജാമ്യഹർജിയെ ശക്തമായി എതിർത്തു. നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ പ്രതി അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്.