Banner Ads

വിഴിഞ്ഞത്ത് തെരുവ് നായ ആക്രമണം; 12 കോഴികളെയും 7 ആടുകളെയും കൊന്നു, വളർത്തുനായകൾക്കും കടിയേറ്റു

തിരുവനന്തപുരം: നഗരത്തിൽ തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് പിന്നാലെ വളർത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു. പനവിളക്കോട് ഭാഗങ്ങളിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പേവിഷബാധ സംശയിക്കുന്ന നായ വീട്ടിൽ കയറി 12 കോഴികളെ കടിച്ചു കൊന്നു.

ആക്രമണത്തിൽ കറവയുള്ള ഏഴ് ആടുകൾക്കും സമീപത്തെ വീടുകളിലെ വളർത്തുനായകൾക്കും പരിക്കേറ്റു. നായയെ ഓടിക്കാൻ ശ്രമിച്ച വീട്ടുടമ രതീഷിനെയും നായ ആക്രമിക്കാൻ ശ്രമിച്ചു.

കടിയേറ്റ ആടുകൾക്കും വളർത്ത് നായകൾക്കും ഉടൻ തന്നെ വാക്സിൻ നൽകി. എന്നാൽ ആക്രമിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായതിനാൽ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.