Banner Ads

നിത്യ നിദ്രയിലേക്ക് പടിയിറങ്ങാൻ തയ്യാറായി ഫ്രാൻസിസ് മാർപാപ്പ

നിത്യ നിദ്രയിലേക്ക് പടിയിറങ്ങാൻ തയ്യാറായി ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30 ന് സെന്റ്പീറ്റേഴ്സ‌് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ്പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്ക്‌കരിക്കും.

പതിനായിരങ്ങൾ അണമുറിയാതെ എത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്‌ത പ്രവ്യത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു.

കത്തോലിക്കാസഭയുടെ കാമർലെംഗോയും (വസ്‌തുവകകളുടെ ചുമതലക്കാരൻ) അമേരിക്കയിൽ നിന്നുള്ള കർദിനാളുമായ കെവിൻ ഫാരലിന്റെ മുഖ്യകാർമികത്വത്തിൽ, മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്.ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാനായി എത്തി.
സംസ്കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാ ക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു.മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പ തന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കി.
സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർ പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചു.ഇന്ന് ഇന്ത്യൻ സമയം 1.30ന് ആരംഭിക്കുന്ന സംസ്കാര ദിവ്യ ബലിയിൽ ലോകനേതാക്കൾ പങ്കെടുക്കും. കർദിനാൾ തിരുസംഘത്തിൻ്റെ തലവൻ ജിയോവാനി ബാറ്റിസ്‌റ്റ്റെ മുഖ്യകാർമികത്വം വഹിക്കും.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സഹകാർമികരാകും. ഒപ്പം മാർപാപ്പയ്ക്ക് പ്രണാമമർപ്പിച്ചു രാഷ്ട്രപതി. രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതികശരീരത്തിൽ പു – ഷ്പചക്രം അർപ്പിച്ചു. കൂടാതെ മുർമു ഇന്ന് മറ്റു ലോകനേതാക്കൾക്കൊപ്പം സംസ്‌കാരച്ചടങ്ങിലും പങ്കെടുക്കും.
കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർകസ്, യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *