
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിൻ്റെ കരുത്താണെന്നും ആരോഗ്യപരമായ കാര്യങ്ങളിൽ ആരും അശ്രദ്ധ കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.
ജീവിതത്തിൻ്റെ മുൻഗണനകളിൽ ആരോഗ്യവും ഉൾപ്പെടുത്തണമെന്നും ആറുമാസത്തിലൊരിക്കലെങ്കിലും ആരോഗ്യ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഈ ക്ലിനിക്കുകളിലൂടെ രോഗപ്രതിരോധത്തിനൊപ്പം ആരോഗ്യമുള്ള ശരീരവും മനസ്സും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ലഭ്യമാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരം കാണാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.