Banner Ads

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങി; 841 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : സെപ്റ്റംബർ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനായി സംസ്ഥാന സർക്കാർ 841 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി പെൻഷൻ തുക എത്തും.

മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ നൽകും. 8.46 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പെൻഷൻ പദ്ധതിയിലെ കേന്ദ്രവിഹിതമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തേണ്ടത്.

ഈ സർക്കാർ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെൻഷനുകൾക്കായി ചെലവഴിച്ചത്. ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.