
കൊച്ചി : സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനായി 841 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുകയെത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പെൻഷൻ വീട്ടിലെത്തി കൈമാറും.
ദേശീയ പെൻഷൻ പദ്ധതിയിലെ 8.46 ലക്ഷം ഗുണഭോക്താക്കൾക്ക് കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 24.21 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്രത്തിന്റെ പി.എഫ്.എം.എസ് (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുക. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവഴിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.