Banner Ads

കുന്നംകുളത്ത് ഓടുന്ന ബസ്സിൽ പുക, ഭയന്ന് യാത്രക്കാരൻ ഗ്ലാസ് തകർത്ത് പുറത്തേക്ക് ചാടി, പരിക്ക്

കുന്നംകുളം : ഓടിക്കൊണ്ടിരിന്ന ബസ്സിൽ നിന്ന് പുക ഉയർന്നു. ബസിന് തീപിടിക്കുകയാണെന്ന് ഭയന്ന് ബസ്സിൽ നിന്ന് ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയ ഒരു യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ 8:30 ഓടെ കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് സംഭവം. ബസ്സിന്റെ ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് വാഹനത്തിൽ നിന്നും പുക ഉയർന്നത്.

കോഴിക്കോടു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബ്ലൂ ഡയമണ്ട് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ജീവനക്കാർ ഉടൻ തന്നെ വാഹനം നിർത്തി എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഓഫീസർ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി പുക ഉയരാൻ ഇടയാക്കിയ ബസ്സിന്റെ ഡീസൽ പൈപ്പിന്റെ തകരാറ് താൽക്കാലികമായി പരിഹരിച്ചു. കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു.