Banner Ads

ആലപ്പുഴയിൽ ഞെട്ടിക്കുന്ന സംഭവം: എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിയിലുള്ള ഒരു സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്നാണ് രണ്ട് റൗണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി സ്കൂൾ അധികൃതർ നടത്തിയ ബാഗ് പരിശോധനയിലാണ് കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ കണ്ടെത്തിയത്.

ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്യൂഷന് പോയപ്പോൾ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകൾ കിട്ടിയതാണെന്നാണ് വിദ്യാർത്ഥി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടെ ബാഗിൽ നിന്ന് അധ്യാപകർ വെടിയുണ്ടകൾ കണ്ടെത്തിയത്. കണ്ടെത്തിയ വെടിയുണ്ടകൾ പോലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനയ്ക്കായി ഇത് അയക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകൾ പരിശോധിക്കാറുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.