Banner Ads

ശങ്കുവിന്റെ ആഗ്രഹം പൂവണിഞ്ഞു ; അങ്കണവാടിയിൽ ഇനിമുതൽ ബിരിയാണിയും പുലാവും

തിരുവനന്തപുരം: ശങ്കുവിന്റെ ആഗ്രഹം പൂവണിഞ്ഞു അങ്കണവാടിയിൽ ഇനിമുതൽ ബിരിയാണിയും പുലാവും. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചത്.

അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയിൽ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികൾക്കുള്ള പരിഷ്‌കരിച്ച ‘മാതൃക ഭക്ഷണ മെനു’ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തത്.

ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട മന്ത്രി ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളിൽ യോഗം ചേർന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉൾപ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ദിവസം വീതം നൽകിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്.