
തിരുവനന്തപുരം : യുവനടി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. സിദ്ദിഖ് ആദ്യം ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് ഹാജരായയത്.
നടൻ ബിജു പപ്പനും മകൻ ഷഹീൻ സിദ്ദിഖിനും ഒപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനായിയെത്തിയത്. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ അദ്ദേഹം ഇന്ന് ഹാജരാക്കുമോ എന്ന കാര്യം വ്യക്തമല്ല. ക്രൈം ബ്രാഞ്ച് എസ്.പി മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ച ശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യൽ നടന്നില്ല .രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്.
മസ്ക്കറ്റ് ഹോട്ടലില്‍ വച്ച് 2016ല്‍ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയും ചെയ്തു.