
തിരുവനന്തപുരം:മുൻ കെപിസിസി അധ്യക്ഷനുo, മുതിർന്ന കോൺഗ്രസ് നേതാവും മായ തെന്നല ബാലകൃഷ്‌ണപിള്ള(95) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
മൂന്നു തവണ രാജ്യസഭാ എം പി,രണ്ടു തവണ നിയമസഭാംഗം,രണ്ടു തവണ കെപിസിസി പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശുരനാട് സ്വദേശിയാണ് തെന്നല.ദീർഘനാളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി വിശ്രമത്തിലായിരുന്നു.
മികച്ച സഹകാരിയും സൗമ്യനും മിതഭാഷിയും കളങ്കമേൽക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകൾക്കതീതനായ കോൺഗ്രസുകാരനായാണ് സ്വയം അടയാളപ്പെടുത്തിയത്.മാർച്ച് 11 1931 -ന് ശൂരനാട് തെന്നല വീട്ടിൽ എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിഅമ്മയുടേയും പുത്രനായി ജനനം.തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിഎസ്സിയിൽ ബിരുദം നേടി.
ശൂരനാട് വാർഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ബ്ളോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതൽ അഞ്ചുവർഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായും പ്രവർത്തിച്ചിട്ടുണ്ട് . ദീർഘകാലം കെപിസിസി സെക്രട്ടറിയുമായിരുന്ന അദ്ദേഹം 1998-ലും പിന്നീട് 2004-ലും കെപിസിസി അധ്യക്ഷനുമായി. ഒരിക്കൽപോലും മത്സരത്തിലൂടെയല്ല പാർട്ടിസ്‌ഥാനങ്ങളിലെത്തിയത്.
അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977-ലും 1982-ലും നിയമസഭയിലെത്തി. 1967,80,87 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 1991ലും 1992-ലും 2003-ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.