Banner Ads

സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തം; കേരളത്തിലും ബെംഗളൂരുവിലും അതീവ ജാഗ്രത, മെട്രോ സ്റ്റേഷനുകളിൽ കർശന പരിശോധന

തിരുവനന്തപുരം : ഡൽഹിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ സുരക്ഷാ പരിശോധനകൾ ഊർജിതമാക്കി. മലപ്പുറം, വയനാട് കലക്ടറേറ്റുകളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കോമ്പൗണ്ടിലെ വാഹനങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്.

കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ബീച്ചിലും ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു വരുന്നു. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദ്ദേശം നൽകി.

തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും കൂടുതൽ പോലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ കർശനമായി പരിശോധിക്കുന്നുണ്ട്. അതേ സമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട എട്ട് പേരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു.

യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട മറ്റുള്ളവരും ഡൽഹി, യുപി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

കേന്ദ്രം ഔദ്യോഗികമായി എട്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എങ്കിലും അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 13 പേർ മരിച്ചതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. 30ലേറെ പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.