Banner Ads

ശബരിമല സന്നിധാനത്ത് സുരക്ഷാ വീഴ്ച? കാണിക്കപ്പണം മോഷ്ടിച്ചയാളെ കൈയോടെ പിടികൂടി.

ശബരിമല: സന്നിധാനത്തെ ഭണ്ഡാരത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച താത്കാലിക ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.ആർ. രതീഷാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആകെ 23,130 രൂപ കണ്ടെടുത്തു.തിങ്കളാഴ്ച ജോലി കഴിഞ്ഞ് ശൗചാലയത്തിൽ പോകാനായി ഇറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് മോഷണം പുറത്തായത്.

കൈയുറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 500 രൂപയുടെ ആറ് നോട്ടുകൾ ആദ്യം കണ്ടെത്തി. തുടർന്ന് ഇയാൾ താമസിക്കുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 20,130 രൂപ കൂടി ലഭിക്കുകയായിരുന്നു. നോട്ടുകൾ ചുരുട്ടി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ പുറത്തെത്തിച്ചതെന്ന് കരുതുന്നു. ശക്തമായ ക്യാമറ നിരീക്ഷണവും പോലീസ് കാവലുമുള്ള ഭണ്ഡാരത്തിലാണ് അതിവിദഗ്ധമായി മോഷണം നടന്നത്.

സന്നിധാനം പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.മറ്റൊരു സംഭവത്തിൽ, മാളികപ്പുറം മേൽശാന്തി മഠത്തിന് സമീപം അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 64,354 രൂപ ദേവസ്വം വിജിലൻസ് കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നോട്ടുകളും നാണയങ്ങളുമായി ഈ തുക കണ്ടെത്തിയത്. വഴിപാട് അരി സൂക്ഷിക്കുന്ന സ്ഥലത്ത് ആരോ പണം മനഃപൂർവ്വം ഒളിപ്പിച്ചു വെച്ചതാണെന്നാണ് വിജിലൻസിന്റെ നിഗമനം.