Banner Ads

മരവിപ്പിക്കുന്ന തണുപ്പിൽ സൗദി അതിർത്തി; വടക്കുകിഴക്കൻ മേഖലകളിൽ താപനില കുത്തനെ താഴുന്നു.

ജിദ്ദ: സൗദി അറേബ്യയുടെ വടക്കുകിഴക്കൻ അതിർത്തി മേഖലകളിൽ ശൈത്യം അതിരൂക്ഷമാകുന്നു. ജോർദാൻ, ഇറാഖ് അതിർത്തികളോട് ചേർന്നുള്ള പ്രദേശങ്ങളാണ് കടുത്ത തണുപ്പിന്റെ പിടിയിലായത്. ത്വുറൈഫ്, റഫ്ഹ, അറാർ എന്നിവിടങ്ങളിൽ താപനില ഒരു ഡിഗ്രിയിലേക്ക് താഴ്ന്നു. ഹഫർ അൽ ബാത്തിൻ, ഖുറയാത്ത് എന്നിവിടങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അൽ ജൗഫ്, ഹാഇൽ, അബഹ തുടങ്ങിയ മേഖലകളിലും തണുപ്പ് വർധിക്കുകയാണ്. വരും ദിവസങ്ങളിൽ പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്താൻ സാധ്യതയുണ്ട്.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, അൽ ബാഹ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കും. റിയാദ്, മദീന, തബൂക് തുടങ്ങിയ മേഖലകളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.