Banner Ads

ശബരിമല നട നാളെ തുറക്കും; മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം, പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

തിരുവനന്തപുരം : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഇതോടനുബന്ധിച്ച് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നട തുറക്കുമ്പോൾ പുതിയ ശബരിമല മേൽശാന്തിയായി ഇഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എംജി മനുവും സ്ഥാനമേൽക്കും.

ഈ വർഷം പ്രതിദിനം തൊണ്ണൂറായിരം തീർത്ഥാടകർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ന് ചുമതലയേൽക്കുന്ന നിയുക്ത ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐഎഎസ് നാളെ സന്നിധാനത്തെത്തും. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിനായി സമയം നീട്ടി ചോദിച്ച ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ഇനിയും ഹാജരായിട്ടില്ല.

പത്മകുമാർ ചോദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യലിനായി എസ്ഐടി നേരിട്ട് കസ്റ്റഡിയിലെടുക്കാൻ നീക്കം ആരംഭിച്ചു. ഹാജരാകാനായി പുതിയ നോട്ടീസ് ഉടൻ നൽകും. കേസിൽ അറസ്റ്റിലായ എൻ വാസുവിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ തെളിവുകൾ പരിശോധിച്ച ശേഷം കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണസംഘം തീരുമാനിച്ചു.

സ്വർണ്ണക്കൊള്ള കേസിൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) നിലനിൽക്കുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിലയിരുത്തൽ. കേസിന്റെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ ഹർജി നൽകി. പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത എഫ്ഐആർ പരിശോധിക്കാനാണ് ഇഡിയുടെ ശ്രമം.