
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ച എൻ.എസ്.എസ് (NSS) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും ഫ്ലെക്സ് ബോർഡ്. നെയ്യാറ്റിൻകര താലൂക്കിലെ കോട്ടയ്ക്കൽ എൻ.എസ്.എസ് കരയോഗം ഓഫീസിന് മുന്നിലാണ് പ്രതിഷേധ പോസ്റ്റർ സ്ഥാപിച്ചത്.
“സ്വാർത്ഥ ലാഭത്തിനുവേണ്ടി കമ്യൂണിസ്റ്റ് സർക്കാരിന് മുന്നിൽ സമുദായത്തെ സുകുമാരൻ നായർ അടിയറവെച്ചുവെന്നാണ് പോസ്റ്ററിൽ പറയുന്നത്. ശബരിമലയിലെ വിശ്വാസപ്രശ്‌നത്തിൽ ഇടത് സർക്കാരിനെ വിശ്വാസമാണെന്ന സുകുമാരൻ നായരുടെ നിലപാട് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇതിനെത്തുടർന്ന് പല സ്ഥലങ്ങളിലും സംഘടനയുടെ പേരിൽ ജനറൽ സെക്രട്ടറിക്കെതിരെ ഫ്ലെക്സ് ബോർഡുകൾ ഉയർന്നിരുന്നു.
“സമുദായത്തെ ഒറ്റിയ കട്ടപ്പ” എന്ന തരത്തിലുള്ള പോസ്റ്ററുകൾ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. വിശ്വാസ പ്രശ്‌നത്തിൽ അദ്ദേഹം ഇടത് ചായ്‌വ് ആവർത്തിക്കുകയാണ്. ശബരിമല പ്രക്ഷോഭ കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്ന വിശദീകരണമാണ് അദ്ദേഹം നൽകുന്നത്.