
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തരുടെ യാത്ര സുഗമമാക്കാൻ വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ ആകെ 450 ബസുകളാണ് സർവീസ് നടത്തുന്നത്. ഭക്തരുടെ തിരക്കനുസരിച്ച് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വരെ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. നിലവിൽ 202 ബസുകൾ ചെയിൻ സർവീസിനായി പമ്പയിൽ എത്തിച്ചിട്ടുണ്ട്. ലോ ഫ്ലോർ എസി, നോൺ എസി ബസുകൾ ഇതിൽ ഉൾപ്പെടുന്നു.
തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തും. വിവിധ ഡിപ്പോകളിൽ നിന്നായി പമ്പയിലേക്ക് 248 ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ലഭ്യമാണ്.
ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർത്ഥാടകരെ പമ്പയിലെത്തിക്കുന്നതിനായി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെ വിന്യസിച്ചു. പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി മെക്കാനിക് ഗാരേജ് പ്രവർത്തിക്കുന്നുണ്ട്.
പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന വർക്ക്‌ഷോപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പമ്പയിൽ കെഎസ്ആർടിസി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്തുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പമ്പ കെഎസ്ആർടിസി ഫോൺ നമ്പർ: 9497024092